Being Salt and Light in Trivandrum, Kerala
എങ്ങനെ ബുദ്ധിയുള്ളവരായി ജീവിക്കാം?

എങ്ങനെ ബുദ്ധിയുള്ളവരായി ജീവിക്കാം?

എങ്ങനെ ബുദ്ധിയുള്ളവരായി ജീവിക്കാം?

ആമുഖം

ബുദ്ധിയുള്ളവരായി ജീവിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നതും അങ്ങനെ തന്നെ. ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ  സൃഷ്ടിച്ച ശേഷം  എല്ലാ മൃഗങ്ങളെയും മുൻപിൽ നിർത്തി അവയ്ക്കു ഒക്കെയും പേരിടുവാൻ പറഞ്ഞത് മനുഷ്യന് ബുദ്ധി ദൈവം കൊടുത്തിട്ടുണ്ട് എന്നുള്ളതു കൊണ്ട് തന്നെയാണല്ലോ.  (ഉല്പത്തി 1:27, 2:7) ബുദ്ധിയില്ലാത്ത മനുഷ്യൻ മൃഗങ്ങൾക്ക് തുല്യൻ എന്ന് സങ്കീർത്തനം 92:6 – ൽ പറഞ്ഞിരിക്കുന്നു.

സൂക്ഷ്മബുദ്ധി Vs അല്പബുദ്ധി

മനുഷ്യന്റെ ബുദ്ധിയെ രണ്ടായി തിരിക്കാം എന്ന സദൃശ വാക്യങ്ങൾ നോക്കിയാൽ മനസിലാവും.  സൂക്ഷ്മബുദ്ധി  എന്ന വാക്കിനു ബുദ്ധികൂർമ്മത, കൗശലം, ഉപായം എന്നുള്ള വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. അത് പോലെ അല്പബുദ്ധി എന്നാൽ ബുദ്ധികുറഞ്ഞത് എന്ന രീതിയിലാണ് ഉപയോഗിച്ചിട്ടുള്ളത്. അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു എന്ന് സദൃ 14 :15 -ൽ പ്രസ്താവിക്കുന്നു. അല്പബുദ്ധി എന്നാൽ അജ്ഞത അഥവാ അറിവില്ലായ്മ എന്ന രീതിയിലും ഉപയോഗിച്ചിട്ടുണ്ട്.

ബുദ്ധിയുടെ തലത്തിൽ നാം എങ്ങനെയുള്ളവരായിരിക്കണം? 

മനുഷ്യരോടും ദൈവത്തോടും ഉള്ള ബന്ധത്തിൽ ബുദ്ധിയുടെ തലത്തിൽ  നാം എങ്ങനെയുള്ള വരായിരിക്കണം എന്ന് കാണിക്കാനുള്ള ഒരു ചിത്രമാണ് ഇവിടെ കാണിച്ചിരിക്കുന്നത്.

സൂക്ഷ്മബുദ്ധി Vs അല്പബുദ്ധി

ഇത് മനസിലാക്കാനായി ദൈവ വചനത്തിൽ നിന്ന് 4 ഉദാഹരണങ്ങൾ പറയട്ടെ.

1. മനുഷ്യരോടുള്ള ബന്ധത്തിൽ അല്പബുദ്ധി പാടില്ല

ന്യായാധിപന്മാരുടെ പുസ്തകം 13-ൽ ശിംശോന്റെ ജീവിതം പരിശോധിച്ചാൽ ഇത് മനസിലാക്കാം. യിസഹാക്, യോഹന്നാൻ സ്നാപകൻ, യേശു ക്രിസ്തു എന്നിവരുടെ ഗണത്തിൽ പെടുന്ന ഒരു മനുഷ്യൻ ആയിരുന്നു ശിംശോൻ. ന്യായ 13 :3 ൽ ദൂതൻ പ്രത്യക്ഷനായി തന്റെ ജനനം അറിയിച്ചതായി കാണുന്നു. ശിംശോൻ വളരെ ബുദ്ധിയുള്ള മനുഷ്യനാണ് എന്നും ദൈവത്താൽ വേർതിരിക്കപ്പെട്ടവനായ (നാസീർ വ്രതം) ഒരുവൻ എന്നും കാണാം (ന്യായ 13 :5 ). എന്നാൽ വിവാഹത്തോടുള്ള ബന്ധത്തിൽ താൻ തന്റെ മാതാപിതാക്കളുടെ ബുദ്ധി ഉപദേശം തിരസ്കരിച്ചു (ന്യായ 14:3 ) ഫെലിസ്ത്യ യുവതിയെ തന്നെ ബോധിച്ചിരിക്കുന്നു എന്ന് കർശനമായി പറഞ്ഞു എന്ന് കാണാം. അതിനു ശേഷം ദലീല എന്ന ഫെലിസ്ത്യ യുവതിയോട്  തന്റെ ശക്തിയുടെ രഹസ്യം പറഞ്ഞു കൊടുക്കുകയുണ്ടായത് ശിംശോന്റെ ജീവിതത്തിലെ പരാജയത്തിന് കാരണമായി.

ശിംശോനെ ദൈവം വേർതിരിച്ചത് തന്റെ ജനത്തെ വീണ്ടെടുക്കേണ്ടതിനു വേണ്ടിയായിരുന്നു എങ്കിലും തന്റെ അവസാനം വളരെ ദുഃഖപൂർണമായി തീരുകയുണ്ടായത്.ഇത് മനുഷ്യരോടുള്ള ബന്ധത്തിൽ തന്റെ ബുദ്ധിയില്ലായ്മ കൊണ്ടായിരുന്നു എന്ന് കാണാം.

2. മനുഷ്യരോടുള്ള ബന്ധത്തിൽ സൂക്ഷ്മ ബുദ്ധി ഉണ്ടാവണം

1  ശമൂവേൽ  21:10 -ൽ ദാവീദ്‌ വളരെ ദുഖകരമായ സാഹചര്യത്തിൽ ആയിരുന്നു എന്ന് മനസിലാക്കാം. ദാവീദിന്  തന്റെ രക്ഷയ്ക്കായി ഫെലിസ്ത്യ പ്രഭുവായ ആഖീശ് എന്ന മനുഷ്യനിൽ ആശ്രയിക്കേണ്ടി വന്നു. എന്നാൽ അവിടെ എത്തിയപ്പോൾ ഗോലിയാത്തിന്റെ വാൾ കൈവശമുള്ള ദാവീദിനെ ആഖീശിന്റെ ഭൃത്യന്മാർ  തിരിച്ചറിയാൻ ഇടയായി  (1  ശമൂവേൽ  21:9). ആ സാഹചര്യത്തിൽ രക്ഷപെടുവാൻ ദാവീദ് തന്റെ സൂക്ഷ്മബുദ്ധി ഉപയോഗിക്കുന്നതായി കാണാം. തന്റെ സാഹചര്യം അനുകൂലമല്ല എന്ന് മനസിലാക്കുകയും താൻ ഭോഷ്ക്ക് പറയാതെ തന്നെ ദൈവത്തിൽ ആശ്രയിച്ച് അവിടെ നിന്ന് ജീവനോടെ രക്ഷപ്പെടുകയും ചെയ്തു. മനുഷ്യരോടുള്ള ബന്ധത്തിൽ നാം സൂക്ഷ്മബുദ്ധിയുള്ളവർ ആയിരിക്കണം  എന്നതിന് ദാവീദിനെ  ഉദാഹരണമായി  ദൈവ വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

3. ദൈവത്തോടുള്ള ബന്ധത്തിൽ സൂക്ഷ്മബുദ്ധി പാടില്ല

1 രാജ 13 :1 -10 വിഗ്രാഹാരാധന ചെയ്യാൻ യിസ്രായേൽ ജനത്തെ പ്രേരിപ്പിച്ച യെരോബെയാം രാജാവിനോട് ദൈവിക അരുളപ്പാട് അറിയിക്കാൻ വന്ന ദൈവപുരുഷന്റെ ഉദാഹരണം ചിന്തിക്കാം. ദൈവത്തിന്റെ അത്ഭുത പ്രവൃത്തികൾക്ക് സാക്ഷ്യം  വഹിച്ചവനായിരുന്നു ഈ ദൈവ പുരുഷൻ (1 രാജ 13 :6 ). തന്നോടുള്ള ദൈവിക കല്പന എന്തെന്നാൽ താൻ പോയ  ദേശത്ത് നിന്ന് വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ അരുത്,  ബേഥേലിലേക്ക് വന്ന വഴി മടങ്ങാതെ   മറ്റൊരു വഴിയായി മടങ്ങേണം എന്നായിരുന്നു. എന്നാൽ തന്റെ ദൗത്യം കഴിഞ്ഞു  മടങ്ങി പോവുകയായിരുന്ന  ദൈവപുരുഷന്റെ പിന്നാലെ ബെഥേലിലെ വൃദ്ധനായൊരു പ്രവാചകൻ ചെല്ലുകയും തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ദൈവ പുരുഷൻ തന്നോടുള്ള ദൈവിക കൽപ്പന വൃദ്ധനായ പ്രവാചകനോട് അറിയിച്ചു എങ്കിലും ദൈവം തന്നെ കൂട്ടികൊണ്ട് വരാൻ കല്പിച്ചു എന്നുള്ള വൃദ്ധനായ പ്രവാചകന്റെ ഭോഷ്ക്ക് വിശ്വസിക്കുവാൻ തക്കവണം ദൈവിക കല്പനയെക്കാളും  സ്വന്ത ബുദ്ധിയിൽ ആശ്രയിച്ചത് ദൈവപുരുഷന്റെ ദാരുണമായ അന്ത്യത്തിന് കാരണമായി.

4. ദൈവത്തോടുള്ള ബന്ധത്തിൽ അല്പബുദ്ധി മതി

യോഹന്നാൻ 21:3 ൽ  വളരെ നിരാശാപൂർണ്ണരായി ഇരിക്കുന്ന കർത്താവിന്റെ ശിഷ്യന്മാരെ കാണാം. രാത്രി മുഴുവനും മീൻ പിടിത്തത്തിനായി  അധ്വാനിച്ചിട്ടും ഒന്നും കിട്ടാതെ നിരാശരായി ഇരുന്ന ശിഷ്യന്മാരോട് കർത്താവ് പടകിന്റെ വലത് ഭാഗത്ത് വീശുവാൻ പറഞ്ഞു.   എന്നാൽ (യോഹന്നാൻ 21:4) ശിഷ്യന്മാർ തങ്ങളുടെ വർഷങ്ങളായുള്ള പ്രവുത്തി പരിചയം കണക്കിലെടുക്കാതെ  കർത്താവ് പറഞ്ഞത് അത് പോലെ കേട്ടു  മാത്രമല്ല, വല പൊട്ടുമാറു 153  വലിയ മീൻ (യോഹന്നാൻ 21 :11 ) ശിഷ്യന്മാർക്ക് ലഭിക്കാൻ ഇടയായി എന്നും മനസിലാക്കാം. ദൈവത്തോടുള്ള ബന്ധത്തിൽ മാനുഷിക ബുദ്ധി പ്രയോഗിക്കരുത് എന്ന സത്യം ഈ സംഭവത്തിലൂടെ മനസിലാക്കാവുന്നതേ ഉള്ളൂ.

ആദ്യം കാണിച്ച ചിത്രത്തിലെ പോലെ നാല് ബോക്സിൽ നിന്നും ഏറ്റവും ഉചിതമായ 2 കാര്യങ്ങൾ ഇവയൊക്കെ ആണ് 

സൂക്ഷ്മബുദ്ധി Vs അല്പബുദ്ധി
  • മനുഷ്യരോടുള്ള ബന്ധത്തിൽ സൂക്ഷ്മബുദ്ധി  ഉണ്ടാവണം (2)
  • ദൈവത്തോടുള്ള ബന്ധത്തിൽ അല്പബുദ്ധി മതി (4)

നാം എന്താണ് ചെയ്യേണ്ടത് ?

സൂക്ഷ്മബുദ്ധി തരുന്ന ദൈവത്തോട് അതിനു വേണ്ടി  അപേക്ഷിക്കുക. (സദൃ 13 :16) ഗുണവും ദോഷവും തിരിച്ചറിയാനുള്ള  ബുദ്ധിക്കും വിവേകത്തിനും വേണ്ടി ദൈവത്തോട് ചോദിക്കുക (1 രാജാ 3 :9). ദൈവത്തിന്റെ ആലോചന അതേപടി അനുസരിക്കുക. നമ്മുടെ ബുദ്ധി ദൈവിക കല്പനയുടെ മീതെ പ്രയോഗിക്കാതെ ഇരിക്കുക.

  • മനുഷ്യരോടുള്ള ബന്ധത്തിൽ സൂക്ഷ്മ ബുദ്ധി ഉള്ളവരായിരിക്കാം 
  • ദൈവിക കല്പനകളെ ചോദ്യം ചെയ്യാതെ മനസ്സോടെ അനുസരിക്കുന്നവരാകാം

0 Comments

Add a Comment

Your email address will not be published. Required fields are marked *