ദൈവസഭയുടെ 20 നൂറ്റാണ്ടുകളുടെ ചരിത്രം സംഭവബഹുലമാണ്. പെന്തക്കോസ്ത് ദിനം മുതൽ ഇന്നത്തെ എണ്ണമില്ലാത്ത പെന്തക്കോസ്ത് സഭകൾ വരെ ആ ചരിത്രം എത്തി നില്ക്കുന്നു. അന്നു മുതൽ ഇന്നുവരെ ആത്മരക്ഷ പ്രാപിക്കുന്നവരെ കർത്താവ് സഭയോട് ചേർത്തുവരുന്നു. അതിൽ തലമുറതലമുറയായി വിശ്വാസം സ്വീകരിക്കുന്നവരും ഉണ്ട്. താത്വികമായി പറഞ്ഞാൽ രക്ഷിക്കപ്പെടുന്നവർ മാത്രം അംഗങ്ങളായതാണ് സഭ എങ്കിലും രക്ഷിക്കപ്പെടുന്ന പ്രക്രിയയിൽ തലമുറകളുടെ വിശ്വാസ കൈമാറ്റവും ഉണ്ട് എന്നത് സഭാസമൂഹത്തെ സംബന്ധിച്ച ഒരു പ്രായോഗിക യാഥാർത്ഥ്യമാണ്. അതുകൊണ്ട് ഏതൊരു വിശ്വാസസമൂഹത്തിലും തലമുറമാറ്റം എന്ന ഒരു സാങ്കേതിക പ്രക്രിയ ഉണ്ട്.
പുതിയ ആളുകൾ സഭയിൽ ചേരുന്നതിനേക്കാൾ സഭയിലെ കുഞ്ഞുങ്ങൾ വിശ്വാസ സത്യങ്ങളിൽ മുതിർന്ന് വരുന്നതാണ് സഭയുടെ മാറ്റത്തിൽ അധികവും സംഭവിക്കുന്നത്. ആരംഭിച്ച് കുറച്ചുകാലം കഴിയുന്നതോടെ വ്യത്യസ്ത തലമുറകളിൽ ഉൾപ്പെടുന്നവരാണ് ഒരു സഭാസമൂഹത്തിൽ ഉണ്ടായിരിക്കുക എന്ന യാഥാർത്ഥ്യബോധം എത്രത്തോളം സഭക്ക് ഉണ്ടാകുന്നോ അത്രത്തോളം സഭയിലെ കൈമാറ്റ പ്രക്രിയ ( transition) സുഖകരവും ഗുണപ്രദവും ആകും. ഒരു സസ്യത്തിലെ പഴുത്തിലയും പച്ചിലയും പോലെ സംഘർഷമില്ലാതെ സഹവസിക്കാൻ ഈ യാഥാർത്ഥ്യബോധം സഭയെ സഹായിക്കും. സഭയെന്നത് ഒരു പിൻതുടർച്ചാ ഭരണസംവിധാനം അല്ല. അത് ഓരോ ദിവസവും ഓരോരുത്തർക്കും ആവശ്യമായ ആത്മികവർധന സാധ്യമാക്കുന്ന ശുശ്രൂഷാ സമന്വയമാണ്. അവിടെ ഓരോരുത്തർക്കും പര്യാപ്തമായ പരിജ്ഞാനവും പരിപോഷണവും പരിശീലനവും പരിപക്വതയും പ്രദാനം ചെയ്യപ്പെടുന്നു. ഇൗ അനസ്യൂത പ്രക്രിയയിൽ ഒരുപോലെ ഗുണമനുഭവിക്കുന്നവരാണ് പ്രായഭേദമെന്യേ സകലരും. അതിന് എല്ലാ വിധത്തിലുമുള്ള വ്യതിരിക്തതകളും മനസ്സിലാക്കി സമന്വയത്തിന്റെ സമീപനം സഭ സ്വീകരിക്കണം. ഇതിൽ വിജയിക്കുന്ന സഭ വിവിധ വളർച്ചാ ഘട്ടങ്ങളിലുള്ളവർ തമ്മിലുള്ള സഹജമായ സംഘർഷങ്ങളെ അതിജീവിക്കും.
ഒരു സഭ അനുഭവിക്കുന്ന തലമുറകളുടെ വിടവ് (Generation Gap) വചനസത്യങ്ങളുടെ കാര്യത്തിലല്ല, മറിച്ച്, അവയുടെ അവതരണത്തിന്റെ മേഖലയിലാണ്. അതായത്, ഉപദേശ സത്യങ്ങൾ പൂർണ്ണമായും ബലികഴിച്ചുകൊണ്ടോ അവയിൽ വെള്ളം ചേർത്തുകൊണ്ടോ ആനുകാലികമാകേണ്ട ഒരു പ്രസ്ഥാനമല്ല സഭ. അങ്ങനെ ചെയ്താൽ അത് കർത്താവിന്റെ സഭ ആകില്ല. എന്നാൽ കർത്താവിന്റെ സഭക്ക് സത്യങ്ങളുടെ അവതരണത്തിൽ ആനുകാലികമാകാൻ അനുവാദമുണ്ട്, അങ്ങനെ ആകുകയും ചെയ്യണം. ഇവിടെ സഭക്ക് പറ്റുന്ന തെറ്റ് സത്യങ്ങളെക്കാളും മൂല്യങ്ങളെക്കാളും ശീലങ്ങൾക്കും രീതികൾക്കും പ്രാധാന്യം കൊടുക്കുന്നതാണ്. ഇൗ തെറ്റ് മുതിർന്നവർക്കും ചെറുപ്പക്കാർക്കും സംഭവിക്കാം. മുതിർന്നവർ അവർ പറഞ്ഞു പരിചയിച്ച ഭാഷയും കണ്ടും കാട്ടിയും പരിചയിച്ച ആചാര രീതികളും കീഴ് വഴക്കങ്ങളും കടുകിട മാറിയാൽ അതി അനാത്മികത കാണുന്നു. ചെറുപ്പക്കാരാകട്ടെ മുതിർന്നവരെ ഇക്കാരണത്താൽ പഴഞ്ചരും മൂരാച്ചികളും ആയും അവരുടെ പുരോഗതിക്ക് തടസ്സമായും കാണുന്നു. ഇതിൽ രണ്ടു കൂട്ടരുടെയും പരാജയം സത്യങ്ങളെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കിയല്ല വിലയിരുത്തൽ നടത്തുന്നത് എന്നതിലാണ്. ശീലങ്ങളിലും രീതികളിലും ഭാഷയിലും അവതരണത്തിലും ഒക്കെ സ്വന്തഗുണമല്ല, മറ്റുള്ളവരുടെ ഗുണവും നോക്കി ഇടപെടാൻ എല്ലാവർക്കും കഴിഞ്ഞാൽ അവിടെ സംഘർഷത്തിന് ഇടയില്ല. പുതുമകൾ എല്ലാം പാപമാണെന്നും പഴഞ്ചൻ എല്ലാം പ്രതിബന്ധമാണെന്നും കരുതാതെ മൂല്യ നിരാസമാണ് യഥാർത്ഥത്തിൽ പാപമെന്നും പുരോഗതി എന്നത് ആപേക്ഷികമാണെന്നും സമ്മതിച്ചാൽ സുഖകരമായ സമന്വയം സാധിക്കും.
സഭ പഴയവരുടേതല്ല, പുതിയവരുടേതുമല്ല; എല്ലാവരുടേയുമാണ്. ഒരു കൂട്ടർ പോയിട്ട് മറ്റൊരു കൂട്ടർ വരുന്നതോ, ഒരു കൂട്ടർ പോകും വരെ മറ്റൊരു കൂട്ടർ നിഷ്ക്രിയരായിരിക്കുന്നതോ അല്ല. ഭരണപക്ഷവും പ്രതിപക്ഷവും ഇല്ലാത്ത ഒരു സഹവർത്തിത്വ ശരീര സംവിധാനമാണ് സഭ. പ്രവർത്തിക്കാൻ ഒരു കൂട്ടർ, പ്രതികരിക്കാനും പ്രതിഷേധിക്കാനും ഒരു കൂട്ടർ എന്നില്ല. വളർന്നു കഴിഞ്ഞവരും വളരാനുള്ളവരും എന്നതുമല്ല സഭയുടെ ഘടന. ക്രിസ്തുവിൽ സമ്പൂർണ്ണരും എന്നാൽ വ്യക്തിത്വ സവിശേഷതകളിൽ വ്യതിരിക്തരുമായ ആളുകളുടെ സമ്മേളനമാണ് സഭ. തിരിച്ചറിവിലും കഴിവുകളിലും ദൗത്യങ്ങളിലും പല നിലകളിലും പല നിലവാരത്തിലും ഉള്ളവർ പരസ്പര പ്രയോജനത്തിനായി പ്രതിജ്ഞാബദ്ധരായിരിക്കുന്ന ഇടമാണ് സഭ. ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം, പ്രായഭേദം യഥാർത്ഥത്തിൽ സഭയുടെ ആത്മാവിനെ ബാധിക്കുന്ന ഒരു കാര്യമല്ല എന്നതാണ്. എന്നാൽ സഭ ആനുകാലികമാകേണ്ട ഒരു തലമുണ്ട്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു പരിസരത്തിലാണ് കർത്താവിന്റെ സഭയുള്ളത്. ആകാശഭൂമികൾ മാറിയാലും മാറ്റമില്ലാത്ത സത്യങ്ങളിന്മേൽ പടുത്തുയർത്തപ്പെട്ട സഭ പക്ഷെ അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ഒരു ലൗകികപരിസരത്തിലാണ് സഹവസിക്കേണ്ടത്. ഇവിടെ നാം പാലിക്കേണ്ട വേർപാടിന്റെ വിശദാംശങ്ങളിൽ കാലോചിതമായ പുനർവിചിന്തനം നടത്തേണ്ടി വരും. ഈ മേഖലയിലാണ് പഴയവരും പുതിയവരും തമ്മിൽ സംഘർഷം നിലനില്ക്കുന്നത്. വേഷഭൂഷാദികളെക്കുറിച്ചുള്ള ചർച്ചകൾ മൂല്യബോധത്തിൽ അടിസ്ഥാനമാക്കിയല്ല എങ്കിൽ അപ്രസക്തമാകും; കാലഹരണപ്പെടും. വസ്ത്രത്തിന്റെയും അലങ്കാരത്തിന്റെയും ഭക്ഷണത്തിന്റെയും തൊഴിലിന്റെയും, ഇങ്ങനെ ഏത് സാമൂഹ്യ ഭൗതിക ഇടപാടിന്റെയും കാര്യത്തിൽ സാമൂഹ്യനന്മയും വചനം നിഷ്കർഷിക്കുന്ന തത്വങ്ങളും ആദർശങ്ങളും ബലി കഴിക്കുന്നതെന്തും തെറ്റാണെന്ന് നമുക്ക് പറയാം; അല്ലാത്തവയെ ശരിതെറ്റുകളുടെ പട്ടികയിൽ പെടുത്താതെ വ്യക്തി താല്പര്യത്തിന് വിട്ടുകൊടുക്കാം. പഴയതെല്ലാം ശരി, പുതിയതെല്ലാം തെറ്റ് എന്ന് കരുതുന്ന മനസ്സ് അയച്ച് പിടിച്ചില്ലെങ്കിൽ നമുക്ക് മാറുന്ന കാലത്തോട് കലഹിക്കാനേ നേരമുണ്ടാകൂ. സത്യങ്ങളുടെയും മൂല്യങ്ങളുടെയും, പുതിയ കാലത്തിനിണങ്ങിയ അവതരണം, നാം നിർബന്ധമായും പരിശീലിക്കണം. നമ്മുടെ ഭാഷയും മാറ്റത്തിന് വിധേയമാണ് എന്നറിഞ്ഞ് നമുക്കും പുതുഭാഷകൾ സംസാരിക്കാൻ കഴിയണം. ശീലിച്ചത് മാത്രമാണ് ആത്മീയത എന്ന ചിന്ത ശീലം മാറുമ്പോൾ മാറാവുന്നതേയുള്ളു. ന്യൂജെൻ ചിന്തക്ക് അനുസൃതമായ അവതരണങ്ങളിലൂടെ ദൈവവചനസത്യങ്ങൾ അവരിലേക്ക് സന്നിവേശിപ്പിക്കുന്നത് അനിവാര്യമാണ് (ഉദാ: ക്രിസ്തുവിലായ ഒരാൾ മുഴുവനായും പുതിയ ആളായി എന്നത് ഇൗ തലമുറക്ക് പറഞ്ഞു കൊടുക്കാൻ ‘ format ചെയ്തു’ എന്ന പ്രയോഗത്തിന് എളുപ്പമുണ്ട്.
നമ്മുടെ കർത്താവും സാഹചര്യത്തിനും കാലത്തിനും ഇണങ്ങിയ ഒരു ആശയവിനിമയ രീതി അവലംബിച്ചു എന്നത് ശ്രദ്ധേയമാണ്. ആധുനിക സങ്കേതങ്ങളോടുള്ള നമ്മുടെ ചില സങ്കുചിത സമീപനങ്ങളെ വൃത്യാസപ്പെടുത്താൻ കർത്താവ് ഇടപ്പെടുന്നത് നാം അനുഭവിച്ചവരാണല്ലോ ( ഉദാ: കോവിഡ് കാലത്ത് zoom ഒഴിവാക്കാനാകാത്ത mobile app കൾ, online സേവനങ്ങൾ ….). എന്നാൽ സാങ്കേതികവിദ്യയുടെ പുരോഗതിയിൽ ദൈവം അപ്രസക്തനായി എന്ന സ്വതന്ത്ര ചിന്തകരുടെ (free thinkers) പ്രചരണത്തെ നാം കരുതിയിരിക്കേണ്ടതാണ്. അത് ചെറുപ്പക്കാരിൽ വളരെയധികം ദുസ്വാധീനം ചെലുത്തുന്ന പ്രചരണമാണ്. ദൈവം ഒരു വ്യക്തിയുടെ ജീവിതത്തിൽ എങ്ങനെയാണ് പ്രസക്തനായിരിക്കുന്നത് എന്ന് തിരിച്ചറിയുന്നതിൽ ലോകം പരാജയപ്പെട്ടിരിക്കുകയാണ്. ഇൗ പരാജയത്തിന് ക്രിസ്തീയതയടക്കമുള്ള മതങ്ങൾ നല്കിയ സംഭാവന നാം സങ്കടത്തോടെ തിരിച്ചറിയണം. ദൈവം കേവലം നമ്മുടെ ഭാതിക, മാനസിക സുഖത്തിനുള്ള ഒരു അവശ്യ സങ്കല്പമാണ് എന്ന് മതങ്ങൾ അവതരിപ്പിച്ചിടത്താണ് തെറ്റ്. നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ദൈവബന്ധവും ദൈവാധികാരവും മാറ്റി നിർത്തിക്കൊണ്ട് ഒരു അസ്തിത്വം മനുഷ്യന് ഇല്ല എന്നും അതിനോട് ക്രിയാത്മകമായി സമരസപ്പെട്ടു ജീവിക്കുന്നതാണ് മനുഷ്യന്റെ ആത്യന്തിക നന്മ എന്നുമുള്ള സമഗ്രവീക്ഷണം സഭ പകർന്നു നല്കണം. ഭൗതികപുരോഗതിയൊന്നും ദൈവത്തെ നിഷ്കാസിതനാക്കുന്നില്ല എന്നും, പുതിയ ശാസ്ത്രീയ ഭാഷയിൽ എല്ലാറ്റിനും വിശദീകരണം നല്കേണ്ടിയിരിക്കുന്നു എന്നേയുള്ളൂ എന്നും പുതുതലമുറയോട് നിരന്തരം സംവദിക്കാൻ സഭക്ക് കഴിയണം. അതിന് സജ്ജമായ സംവിധാനമായിൽ സഭ മാറിയില്ലെങ്കിൽ പുതുതലമുറക്ക് സഭ പ്രസക്തമായിരിക്കില്ല; അപ്പോൾ നമ്മുടെ സഭകൾ ചരിത്രാവശിഷ്ടങ്ങളായി മാറും. എന്നാൽ ഒരു സമൂഹത്തിൽ നിലവിലിരിക്കുന്ന എല്ലാ ആചാരങ്ങളും പ്രതീകങ്ങളും പാടെ പരിഷ്കരിക്കുകയോ മാറ്റി പ്രതിഷ്ഠിക്കുകയോ വേണം എന്ന് ശഠിക്കുന്നത് മെച്ചത്തേക്കാൾ പ്രതിസന്ധികൾ സൃഷ്ടിക്കുകയേ ഉള്ളൂ. വ്യക്തമായ അർത്ഥങ്ങളോടുകൂടി അനുഷ്ഠിക്കുന്ന സ്നാനം, കർത്യമേശ തുടങ്ങിയ കാര്യങ്ങളിൽ കേവലം മാറ്റത്തിനു വേണ്ടി മാറ്റം കൊണ്ടുവന്നാൽ അത് പ്രായോഗികമായ പ്രതിസന്ധികൾ ഉണ്ടാക്കും; അവയുടെ ഉദ്ദേശ്യ തലങ്ങളെ വേണ്ടും പോലെ പ്രതിനിധാനം ചെയ്യാൻ കഴിയാതെയും വരും. ഒരു സമൂഹത്തിന്റെ സഹവാസത്തിന് സുഖകരമായ രീതികളും സമയക്രമങ്ങളും ഒക്കെ ഉണ്ടാകും; ആവശ്യവുമാണ്. കേവലം മാറ്റത്തിനു വേണ്ടി അവയൊക്കെ മാറ്റണമെന്ന് ശഠിക്കുന്നത് പ്രായോഗിക ബുദ്ധിയില്ലായ്മ ആണ്. അതേസമയം, അനിവാര്യ സന്ദർഭങ്ങളിൽ തത്വങ്ങൾ ബലികഴിക്കാതെ തന്നെ, ഇവയി വ്യത്യാസം വരുത്തുന്നത് തെറ്റുമല്ല. ആചാരത്തിനു വേണ്ടി ജീവൻ കൊടുക്കാനുള്ള തീക്ഷ്ണത മതഭ്രാന്ത് ആണല്ലോ. സ്ഥലം സഭകൾ എന്ന വചനപരമായ ശരിയെ മുറുകെപ്പിടിക്കുമ്പോൾ തന്നെ, സ്ഥലങ്ങളുടെ അതിരുകൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ യുവതയെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തന പദ്ധതി നാം അതിവേഗം കാര്യക്ഷമമായി നടപ്പിലാക്കേണ്ടതാണ്. കൂട്ടായ്മാ ബന്ധത്തിന്റെ പ്രായോഗികമായ പുതുതലങ്ങൾ നാം സൃഷ്ടിക്കേണ്ടതുണ്ട്. ഒരു സ്ഥലത്തെയും ചില വ്യക്തികളെയും ചുറ്റിപ്പറ്റിയുള്ള സ്ഥിരവാസം അസാധ്യമാക്കുന്ന മാറി വരുന്ന ജീവിത ചുറ്റുപാടുകളിൽ ആയിരിക്കുന്ന പുതുതലമുറയെ ആത്മീയ ജീവിതത്തിന് സജ്ജരാക്കുന്നതിന് പുത്തൻ ഇടപെടലുകൾ ആവശ്യമാണ്. മാറാത്തത് കർത്താവുമായുള്ള ബന്ധം മാത്രമാണ് എന്ന ബോധ്യത്തിൽ വ്യക്തികളുടെ ജീവിതത്തിൽ ക്രിസ്തീയനിക്ഷേപങ്ങൾ എത്രയും നേരത്തെ നടത്തുന്ന ഇടങ്ങളായി സഭകൾ മാറ്റപ്പെടണം. അതിന് നിലവിലുള്ള ആത്മീയ വിദ്യാഭ്യാസ രീതികളിൽ സമഗ്രമായ പരിഷ്കരണം ഉണ്ടാകണം. ഇൗ മേഖലയിൽ പൊതുവെ നമ്മുടെ സഭകൾ നിഷ്ക്രിയവും നിർജ്ജീവവും ആണ്; നിസ്സംഗതയും അവഗണനയും അപകടകരമായിരിക്കുന്നു. കാലഹരണപ്പെടാത്തത് കർത്താവും കർത്താവിന്റെ വചനവും മാത്രമാണ്. അതുകൊണ്ട് ജിം എലിയറ്റിന്റെ പ്രാർത്ഥന നമുക്ക് അല്പം മാറ്റി പ്രാർത്ഥിക്കാം കടന്നുപോന്ന സാഹചര്യങ്ങൾ, പരിചയിച്ച ശീലങ്ങൾ, കീഴ്വഴക്കങ്ങൾ എന്നിവമേലുള്ള പിടി കാലാനുസൃതം ഒന്നയച്ച് വിട്ട്, കാലാതീതനായ കർത്താവിനെ സ്നേഹിക്കാനും വചനസത്യങ്ങളെ മുറുകെപ്പിടിക്കാനും മാറുന്ന തലമുറയെ സർവ്വ സജ്ജമാക്കുന്ന ആത്മീയ സമ്മേളനമാക്കി നമ്മുടെ കൂട്ടായ്മകളെ മാറ്റണമെന്ന്.
കഴിഞ്ഞ നൂറ്റാണ്ടിൽ പിച്ചവെക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ യൗവനയുക്തയായിരിക്കുന്ന തിരുവനന്തപുരത്തെ സഭ സമകാലിക നിലപാടുകളിലൂടെ അതിന്റെ യൗവനം നിലനിർത്തുന്നതിൽ കേരളത്തിലെ ഇതര സഭകൾക്ക് ഒരു മാതൃകയും പ്രചോദനവുമാണ്. പ്രായാന്തരത്തിന്റെ സംഘർഷം ബാധിക്കാതെ ഒരു സമന്വയത്തിന്റെ സമീപനം സഭക്കുള്ളതിനാൽ മുതിർന്നവരെന്നോ ചെറുപ്പക്കാരെന്നോ ഭേദമില്ലാതെ സമഞ്ജസമായ സഹവർത്തിത്വം സാധ്യമാകുന്നു. ആധുനികതയുടെ ഭാഷക്കും ശൈലിക്കും അയിത്തമില്ലാതെ പഴമയുടെ പരിജ്ഞാനം സ്നിഗ്ധതയോടെ അവതരിപ്പിക്കുന്നതിൽ തിരുവനന്തപുരത്തെ സഭ വിജയിച്ച് നില്ക്കുന്നു. ഇരു സഹസ്രാബ്ധങ്ങളായി മുളപൊട്ടി പടരുന്ന സഭയെന്ന വടവ്യക്ഷത്തിന് ഇനിയും പുതുമുളകൾ കിളിർക്കട്ടെ, തിരുവനന്തപുരത്തിനു ചുറ്റും.
0 Comments